പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍

references

ആശയവ്യക്തതയ്ക്ക് ചില സൂചനകള്‍

കണ്ണിലെ ലെന്‍സ്
സുതാര്യമായ ഒരു പ്ലാസ്റ്റിക് പന്തില്‍ സ്ഫടികക്കുഴമ്പ് നിറച്ച അവസ്ഥയിലാണ് കണ്ണിലെ ലെന്‍സ് ഇരിക്കുന്നത്. ഗര്‍ഭസ്ഥശിശുക്കളില്‍ ഒരു ചെറിയ പളുങ്കുഗോളമായ ലെന്‍സ് പിറന്നുവീഴുമ്പോള്‍ ആറര മി.മീ. വ്യാസവും നടുവില്‍ മൂന്നര മി. മീ. കനവുമുള്ള മഞ്ചാടിക്കുരു പോലെയാകും. വലിഞ്ഞ് പരന്നിരിക്കുമ്പോള്‍ ഒരു സെ. മീ. ആണ് ലെന്‍സിന്റെ വ്യാപ്തം. പിന്‍വശം മുന്‍വശത്തെക്കാള്‍ അല്പം പുറത്തേയ്ക്ക് വളഞ്ഞിരിക്കുന്നു.


ഹീമോഡയാലിസിസ്
        ഒരു അര്‍ദ്ധതാര്യസ്തരത്തിനിരുവശത്തുമായി ഒരു ദിശയില്‍ രക്തവും മറുദിശയില്‍ ഡയലൈസേറ്റ് എന്ന ദ്രാവകവും പ്രവഹിപ്പിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. അപകടാവസ്ഥയിലായ വൃക്കരോഗം ബാധിക്കുകയോ പാമ്പുകടിയോ വിഷപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെല്ലുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ജീവരക്ഷയ്ക്കായി ചെയ്യുന്ന മാര്‍ഗ്ഗമാണിത്. കൃത്രിമവൃക്ക അല്ലെങ്കില്‍ ഡയലൈസര്‍ എന്ന ഉപകരണത്തിനകത്ത് കുപ്രോഫെയിന്‍, പോളിഅക്രില്‍ നൈട്രൈറ്റ്, പോളിമീഥൈല്‍ മീഥക്രിലേറ്റ് എന്നിവ കൊണ്ടുനിര്‍മ്മിച്ച നേരിയ കുഴലുകളുണ്ട്. ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഈ കുഴലുകളിലേയ്ക്ക് രക്തം പ്രവഹിക്കുന്നതിനായി ഒരു ആര്‍ട്ടീരിയോവിനസ് ഫിസ്റ്റുല നിര്‍മ്മിക്കുന്നു. കൈത്തണ്ടയില്‍ ത്വക്കിനോടടുത്തു കാണപ്പെടുന്ന റേഡിയല്‍ ധമനിയും സെഫാലിക് വെയിനുമാണ് ഇതിനായി കൂട്ടിച്ചേര്‍ക്കുന്നത്. ഇതുവഴി മിനിറ്റില്‍ 300 മുതല്‍ 400 വരെ മി. ലിറ്റര്‍ രക്തം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഉപകരണത്തിലെത്തുന്നു. ധമനിയില്‍ നിന്നും രക്തം ഉപകരണത്തിലേയ്ക്കു പ്രവഹിക്കുന്നു. ഡയലൈസേറ്റിന്റെ സാന്ദ്രത രക്തത്തിലേതിനുതുല്യമായതിനാല്‍ എതിര്‍ദിശയില്‍ പ്രവഹിക്കുന്ന ഡയലൈസിംഗ് ദ്രാവകത്തിലേയ്ക്ക് രക്തത്തിലെ മാലിന്യങ്ങളായ യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിനിന്‍ എന്നിവ അന്തര്‍വ്യാപനം നടത്തുന്നു. പകരം അസറ്റേറ്റ് തന്‍മാത്രകള്‍ തിരിച്ച് രക്തത്തിലേയ്ക്ക് കടക്കുന്നു. ശുദ്ധീകരിക്കപ്പെട്ട രക്തം സിരയിലേയ്ക്ക് തിരിച്ചുവരുന്നു

ബാരോറിസപ്റ്റര്‍
       കഴുത്തിലൂടെ മസ്തിഷ്കത്തിലെത്തുന്ന ഇടത് - വലത് കരോട്ടിഡ് ധമനീഭിത്തിയിലും മഹാധമനിയുടെ വളവിലും (Aortic Arch) കാണപ്പെടുന്ന ഒരുതരത്തിലുള്ള മെക്കാനോറിസപ്റ്ററുകളാണ് ബാരോറിസപ്റ്ററുകള്‍. രക്തക്കുഴലിലൂടെ ഒഴുകുന്ന രക്തത്തിന്റെ മര്‍ദ്ദവ്യത്യാസം മനസ്സിലാക്കി രക്തപ്രവാഹം സാധാരണ നിലയിലാക്കുകയാണിലരുടെ ധര്‍മ്മം. രക്തക്കുഴലിന്റെ ഭിത്തിയിലുണ്ടാകുന്ന വലിവ് (Stretch) മനസ്സിലാക്കി മെഡുല്ല ഒബ്ലോംഗേറ്റയിലെ ന്യൂക്ലിയസ്സ് ട്രാക്റ്റസ് സോളിറ്റാരിയസ്സ് എന്ന ഭാഗത്തേയ്ക്ക് ഇവ നാഡീയആവേഗങ്ങള്‍ അയയ്ക്കുകയും അതുവഴി രക്തപ്രവാഹം സാധാരണനിലയിലാകുകയും ചെയ്യുന്നു.
സീബഗ്രന്ഥികള്‍
മനുഷ്യശരീരത്തില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സീബഗ്രന്ഥികള്‍ (Sebaceous Glands). ഒരു ചതുരശ്ര സെന്റീമീറ്റര്‍ ത്വക്കില്‍ ശരാശരി 100 സീബഗ്രന്ഥികളുണ്ടാകും. തലയിലും മുഖത്തും ഇത് 900 വരെയാകാം. പുതുതായി ഉണ്ടായ സീബകോശം ഗ്രന്ഥീഭിത്തിയില്‍ നിന്നും ഒരാഴ്ചയ്ക്കുശേഷം പൊട്ടിച്ചിതറി സീബം എന്ന എണ്ണ ഉത്പാദിപ്പിക്കുന്നു. അവശേഷിക്കുന്ന കോശഭാഗങ്ങളും സീബവും രോമത്തെ പൊതിഞ്ഞുത്വക്കിനുപുറത്തെത്തുന്നു. ഗര്‍ഭാവസ്ഥയില്‍ ഏകദേശം നാലാം മാസത്തില്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അനുസ്യൂതം തുടരുന്ന പ്രക്രിയയാണിത്. നവജാതശിശുവിന്റെ ചര്‍മ്മകാന്തിയ്ക്കും മിനുമിനുപ്പിനും കാരണം ഈ എണ്ണയാണ്. കണ്‍പോളകളിലെ സീബഗ്രന്ഥികളായ മീബോമിയന്‍ ഗ്രന്ഥികള്‍ കണ്‍പോളകള്‍ക്കിടയില്‍ നേര്‍ത്ത എണ്ണമയം നല്‍കുന്നു. സ്വയം പൊട്ടിച്ചിതറി നശിക്കുന്ന സ്വഭാവമുള്ളതിനാല്‍ ശരീരത്തിന് ഇവയുടെ ഉത്പാദനത്തില്‍ നാഡികള്‍കൊണ്ട് നിയന്ത്രണമില്ല. അതിനാല്‍ ഹോര്‍മോണുകള്‍, പ്രധാനമായും ലൈംഗികഹോര്‍മോണുകള്‍ ആണ് ഇവയെ നിയന്ത്രിക്കുന്നത്. സ്ത്രീഹോര്‍മോണായ എസ്ട്രൊജന്‍ സീബഗ്രന്ഥികളെ മന്ദീഭവിപ്പിക്കുമ്പോള്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണ്‍ അവയെ ഉത്തേജിപ്പിക്കുന്നു. കൗമാരഘട്ടത്തില്‍ ലൈംഗികഹോര്‍മോണുകള്‍ പ്രവര്‍ത്തനനിരതമാകുന്നതോടെ സീബഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുന്നു. വെയിലും ചൂടും നേരിട്ടേല്‍ക്കുന്ന നേര്‍ത്ത ത്വക്കുള്ള മുഖത്തും കവിളിലും സീബഗ്രന്ഥികള്‍ തടസ്സം കൂടാതെ ത്വക്കിനുപുറത്തേയ്ക്ക് കൂടിയ അളവില്‍ സീബം ഉത്പാദിപ്പിക്കുന്നു. ചൂടുതട്ടുന്നതുവഴി ത്വക്കിലൂടെയുണ്ടാകുന്ന ജലനഷ്ടം ഈ എണ്ണപ്പാട തടയുന്നു. കണ്ണടച്ചുകിടക്കുന്ന നവജാതശിശു സ്വന്തം അമ്മയെ തിരിച്ചറിയുന്നതും പിഞ്ചുകുഞ്ഞിന്റെ ഇളംചുണ്ടുകള്‍ ഉരഞ്ഞുപൊട്ടാതെ അമ്മയുടെ മുലക്കണ്ണുകളെ സ്നിഗ്ദ്ധമാക്കിവയ്ക്കുന്നതും സീബമാണ്. സീബത്തിന്റെ ഉത്പാദനം അധികമാകുമ്പോള്‍ ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള പാത അടഞ്ഞ് സീബം ഉള്ളില്‍ തിങ്ങിനിറയുകയും സീബഗ്രന്ഥികള്‍ വീര്‍ത്ത് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് കാരണം.